Wednesday, 22 February 2017

എ സ്പ്രിംഗ് വിത്തൗട്ട് സ്മെൽ ( സമീറ പർവീൺ)

പാകിസ്ഥാനി നോവലിസ്റ്റും റേഡിയോ ജോക്കിയുമായ സമീറ പർവിണിന്റെ ഈ കൃതി അറേബ്യൻ നാടുകളിൽ കത്തിപ്പടർന്ന ജാസ്മിൻ റവല്യൂഷന്റെ ബഹറൈൻ വേർഷന്റെ ലൈവ് കമന്ററി തന്നെയാണ്.

" വിജയം സുനിശ്ചിതമല്ലാത്ത വിപ്ളവങ്ങളും പ്രതിരോധങ്ങളും, അയഞ്ഞ വടി കൊണ്ട് പാമ്പിനെ തല്ലുന്നതിന് തുല്യമാണ്. ചാവാത്ത പാമ്പിനെ കൂടുതൽ അപകടകാരിയാക്കും വിധം വേദനിപ്പിക്കാനേ അതിന് കഴിയുകയുള്ളൂ"
40 വർഷമായി തുടരുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ
2011 ഫെബ്രുവരി 14 ൽ (അറേബ്യൻ യുവത്വത്തിന് അത് കേവലമൊരു പ്രണയദിനമല്ല, വിപ്ളവങ്ങളുടെ ദിനമെന്ന് അവർ സ്വയം  ഉത്ഘോഷിക്കുന്നു.)  ബഹറൈനിലെ പേൾ സ് ക്വയറിൽ രൂപപ്പെട്ട  തദ്ദേശ വാസികളുടെ ചെറുത്ത് നിൽപ്പ്, ആഫ്രിക്കയിലെ ടുണീഷ്യയിൽ നിന്ന് തുടങ്ങി, മിഡിൽ ഈസ്റ്റിലേക്ക് കത്തിപ്പടർന്ന ജാസ്മിൻ റവല്യുഷന്റെ, സിംബോളിക് ഹർട്ട് ആയി തന്നെ മാറി. പക്ഷേ, വളരെപ്പെട്ടെന്ന് മതമൗലിക വാദങ്ങളാൽ ഹൈജാക്ക് ചെയ്യപ്പെട്ട വിപ്ളവം,  കേവലമൊരു ഷിയ - സുന്നി വിശ്വാസ-വംശീയ കലാപത്തിലേക്ക്, പരിവർത്തനം ചെയ്യപ്പെടാൻ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. നിലനിൽപ്പുകൾക്ക് വേണ്ടി, ഭരണാധികാരികൾക്കും അത്തരം  വംശീയ- വിശ്വാസത്തിന്റെ പേരിലുള്ള ദിശമാറ്റം അനിവാര്യമായിരുന്നു. തുടർന്ന്, ആഭ്യന്തര സുരക്ഷിതത്തിന്റെ പേരിൽ വിദേശികളായ പെനിൻസുലാർ ഷീൽഡ് ഫോഴ്സിന്റെ സഹായത്തോടെ, തദ്ദേശീയരുടെ അസ്തിത്വാവകാശവാദം അടിച്ചമർത്തപ്പെട്ടപ്പോൾ വിജയ - പരാജയ പക്ഷങ്ങൾക്ക് എന്നെന്നും നെഞ്ചിലേറ്റാൻ കനത്ത മുറിവുകൾ തന്നെ ഈ വിപ്ളവം മൂലം സൃഷ്ടിക്കപ്പെട്ടു.

(നിരോധിക്കപ്പെട്ട ഈ നോവലിന്റ മലയാള പരിഭാഷയായ 'മുല്ലപ്പൂ നിറമുള്ള പകലുകൾ', ബെന്യാമിന്റെ തന്നെ "അറേബ്യൻ നോവൽ ഫാക്ടറി " യുമായി ചേർത്തു തന്നെ വായിക്കണം. ബഹറൈനിൽ അന്നു നടന്ന മുല്ലപ്പൂ വിപ്ളവത്തെ രണ്ടു വീക്ഷണകോണുകളിൽ നിന്ന്  നോക്കി കാണാൻ അതുപകരിക്കും.)